കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മഹാകവി പൂന്താവനത്തിന്‍റെ ജന്മനാടായ കീഴാറ്റൂര്‍ പഞ്ചായത്തിന് ഒരു മഹത്തായ സാംസ്കാരിക പൈതൃകമുണ്ട്. 1962 ജനുവരി 1 നാണ് കീഴാറ്റൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. അന്നുമുതലാണ് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരുന്നത്. 40.93 ച കി മീ വിസ്തൃതിയില്‍ നെന്മിനി,കീഴാറ്റൂര്‍ അംശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിന്‍റെ പരിധി. പഞ്ചായത്തിലെ 39260 വരുന്ന ജനസംഖ്യയില്‍ 19612 പേര്‍ പുരുഷന്‍മാരും ,19648 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനതയുടെ സാക്ഷരത 94.5 ശതമാനം ആണ്

പ്രാചീന കാലത്ത് വള്ളുവക്കോനാതിരിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു കീഴാറ്റൂര്‍ . സാമൂതിരിയുടെ അധീശ ശക്തിക്കെതിരെ പടപൊരുതിയ വള്ളുവനാടിന്‍റെ ചരിത്രം മാമാങ്ക സ്ഥിതിയില്‍ തെളിഞ്ഞു കാണാം. ബ്രിട്ടീഷ് ഭരണത്തില്‍ വള്ളുവനാട് താലൂക്കിലായിരുന്നു ഈ പ്രദേശം അടുത്ത കാലത്താണ് വള്ളുവനാട് താലൂക്ക് വിഭജിച്ച് പെരിന്തല്‍മണ്ണ താലൂക്ക് രൂപം കൊള്ളുന്നതും ഈ പ്രദേശം പെരിന്തല്മണ്ണ താലൂക്ക് രൂപം കൊള്ളുന്നതും ഈ പ്രദേശം പെരിന്തല്‍മണ്ണ താലൂക്കിന്‍റെ ഭാഗമാകുന്നതും.

ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്ത് യാതനകളും ജയില്‍വാസവും അനുഭവിച്ചവര്‍ നിരവധി പേരുണ്ട് . അതില്‍ പ്രധാനിയായ ഒരാളാണ് മഹാകവി പൂന്താനത്തിന്‍റെ അവസാന തലമുറക്കാരനായിരുന്ന രാമന്‍ നമ്പൂതിരി. ഇവിടത്തെ പ്രധാന ജന്മി കുടുംബങ്ങളിലൊന്ന് രാജവംശമായി കരുതപ്പെടുന്ന നെന്മിനി വെള്ളോടി കുടുംബമാണ്. . തെക്കു പടിഞ്ഞാറുള്ള നെന്മിനി മലവാരത്താണ് ഈ പഞ്ചായത്തിലെ ഏറ്റവും വലിയ തൊഴില്‍ സംരഭമായ യംഗ് ഇന്ത്യ ഗ്രൂപ്പ് എസ്റ്റേറ്റ്. യംഗ് ഇന്ത്യ ഗ്രൂപ്പ് എസ്റ്റേറ്റ്ന്‍റെ ആവിര്‍ഭാവത്തോടെ ഈ പഞ്ചായത്തിലെ തെക്ക് പടിഞ്ഞാറന്‍ഭാഗത്തുള്ളവരില്‍ ഒരു പുതിയ കാര്‍ഷിക സംസ്കാരം മുളപൊട്ടുകയും റബ്ബര്‍,മരച്ചീനി,കുരുമുളക്തുടങ്ങിയ  കൃഷികള്‍ വ്യാപകമാവാനിത് സഹായിച്ചു. ചെങ്കല്‍ ലഭിക്കുന്ന ധാരാളം പ്രദേശങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പരമ്പരാഗതമായ രീതിയില്‍ തൊഴിലാളികളെ ഉപയോഗിച്ചും ,യന്ത്രമുപയോഗിച്ചും ചെങ്കല്‍ വെട്ടുന്ന കേന്ദ്രങ്ങളുണ്ട് . കരിങ്കല്‍ പൊടിക്കുന്ന ഖനികേന്ദ്രങ്ങളും പഞ്ചായത്തിലുണ്ട്.

വിദ്യാഭ്യാസ പ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച  കൊടക്കാട് മൊയ്തുപ്പ മൊല്ലയുടെ നാമം പ്രത്യേകം സ്മരണീയമാണ്. കീഴാറ്റൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മുള്ള്യാകുര്‍ശ്ശി ദേശത്തും തൊട്ട് കിടക്കുന്ന കാര്യവട്ടം വില്ലേജിലുമായി 7 പ്രൈമറി വിദ്യാലയങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കാര്യവട്ടത്ത് കക്കാടന്‍ കുഞ്ഞാലന്‍ ഹാജി ആരംഭിച്ച ഓത്ത് പള്ളിക്കൂടമാണ് ഇന്ന് നാം കാണുന്ന പട്ടിക്കാട് ഗവ ഹൈസ്കൂളായി വളര്‍ന്ന് വികസിച്ചത്.

വ്യത്യസ്ത മതവിവിശ്വാസങ്ങളുള്‍പ്പെടുന്ന  ഹിന്ദു മുസ്ലീം കൃസ്ത്യന്‍ ജനവിഭാഗങ്ങളാണ് ഇവിടെയുള്ളത്. പ്രധാന മുസ്ലീം ആരാധനാലയങ്ങള്‍ ഒറവംപുറംഅരിക്കണ്ടംപാക്ക്നല്ലൂര്‍കൊണ്ടിപറമ്പ്നെന്മിനികീഴാറ്റൂര്‍ചെമ്മന്തട്ടപൂന്താവനം,പറമ്പൂര്‍,കണ്ണ്യാല,പട്ടിക്കാട്,മുള്ള്യാകുര്‍ശ്ശി എന്നിവയാണ്. കീഴാറ്റൂര്‍ മുതുകുര്‍ശ്ശികാവ് ക്ഷേത്രം ,പൂന്താന ശ്രീകൃഷ്ണ ക്ഷേത്രംകൊണ്ടിപറമ്പ് ക്ഷേത്രം,പട്ടിക്കാട് നരസിംഹമൂര്‍ത്തി ക്ഷേത്രം,പള്ളാട്ട് ശിവക്ഷേത്രംവഴങ്ങോട് ശിവക്ഷേത്രം,ചെമ്മന്തട്ട ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണ് ഹൈന്ദവ ദേവാലയങ്ങള്‍. കീഴാറ്റൂര്‍ മുതുകുര്‍ശ്ശി  കാവിലെ താലപ്പൊലി ആഘോഷം വടക്കന്‍ വള്ളുവനാട്ടിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രം  പൂന്താനത്തിന്‍റെ ജീവിത ചരിത്രവുമായി നേരിട്ട് ബന്ധമുള്ളതാണ്. പഞ്ചായത്തിലെ പ്രധാന ക്രിസ്തീയ ദേവാലയം നെന്മിനി ഒറവംപുറം കൃസ്ത്യന്‍ ചര്‍ച്ച് ആണ്. നാനാത്വത്തില്‍ ഏകത്വം തികച്ചും അന്വര്‍ത്ഥമാണ്  ഈ പഞ്ചായത്തില്‍.

ആധുനിക വിദ്യാഭ്യാസം പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത മനോ മണ്ഡലത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ  കാലത്ത് സ്ഥാപിച്ച ജി എല്‍ പി സ്കൂള്‍പട്ടിക്കാടാണ്പഞ്ചായത്തിലെ പ്രഥമ വിദ്യാലയം . 16 വിദ്യാലയങ്ങളാണുള്ളത് . സര്‍ക്കാര്‍ മേഖലയില്‍ 4 വിദ്യാലയങ്ങള്‍  പ്രവര്‍ത്തിക്കുന്നു. 1. ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍,പട്ടിക്കാട്, 2 ജി എം യു പി സ്കൂള്‍ ഒറവംപുറം,3 ജി എല്‍ പി സ്കൂളഅ‍ പട്ടിക്കാട്,4 ജി എല്‍ പി സ്കൂള്‍ നെന്മിനി എന്നിവയാണ്. സ്വകാര്യ മേഖലയിലെ അല്‍ശിഫ ഫാര്‍‍മസി കോളേജും ഈ പഞ്ചായത്തിലെ പ്രമുഖ സ്ഥാപനമാണ്. 32 അംഗനവാടികളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പട്ടിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ,തച്ചിങ്ങനാടം സര്‍വ്വീസ് സഹകരണ ബാങ്ക് ,വനിതാ സഹകരണ സംഘം,സൌത്ത് മലബാര്‍ ഗ്രാമീണബാങ്ക് എന്നിവ ഈ പഞ്ചായത്തിലെ ധനകാര്യ സ്ഥാപനങ്ങളാണ്.

സാംസ്കാരിക മുന്നേറ്റത്തിന് പഞ്ചായത്തിലുള്ള ഗ്രന്ഥശാലകളും ,വായനശാലകളും വഹിക്കുന്ന പങ്ക് ചെറുതല്ല . കീഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രസ്ഥാലയം ,ചന്ദ്രന്‍ സ്മാരക ഗ്രന്ഥാലയം ,സുപ്രഭ ലൈബ്രറി,ചന്തുക്കുട്ടി നായര്‍ ഗ്രന്ധശാല,രശ്മി വായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍. കീഴാറ്റൂര്‍ വില്ലേജ് ഓഫീസ് ,നെന്മിനി വില്ലേജ് ഓഫീസ് എന്നിവയും പൂന്താവനം,തച്ചിങ്ങനാടം,കീഴാറ്റൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നു.

കീഴാറ്റൂര്‍ പഞ്ചായത്തിലെ കൂടുതല്‍ ആളുകളും ചികിത്സക്കായി പൂന്താനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവും കുറവല്ല.

ആധുനിക സൌകര്യങ്ങളോടെ കൃഷിഭവന്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണം മുഖ്യ തൊഴിലായും ഉപതൊഴിലായും സ്വീകരിച്ചിട്ടുള്ള ധാരാളം ആളുകളുണ്ട്. ഗവ ആയുര്‍വേദ ആശുപത്രി 3ാം വാര്‍ഡില്‍ ആധുനിക സൗകര്യങ്ങോട്കൂടി  പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

 

പൊതുസാമൂഹ്യ സാമ്പത്തിക അവസ്ഥ

മാനവരാശിയുടെ പൌരാണികമായ ആസ്ഥാനം നദീ തടങ്ങളായിരുന്നുവെന്ന് ചരിത്രാന്വേഷകര്‍ രേഖപ്പെടുത്തുന്നു. വെള്ളിയാറിന്‍റെ തീരത്തുള്ള കീഴാറ്റൂര്‍ പഴക്കം ചെന്ന മനുഷ്യ സംസ്കൃതിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പ്രദേശമാണെന്ന് നിസ്സംശയം പറയാം . വള്ളുവ കോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം വെള്ളാട്ടൂര്‍ എന്നറിയരപ്പെട്ടിരുന്ന മേലാറ്റൂരിനോട് ചേര്‍ന്ന് കിടക്കുന്നു. മേല്‍ ഭാഗത്ത് ആറുള്ള ഊരായ മേലാറ്റൂരും കാര്‍ഷിക സംസ്കൃതിയുടെ പൈതൃകം പേറുന്നു. സാമൂതിരിയുമായുള്ള നിരന്തര സമരത്തിന്‍റെ ചരിത്ര പശ്ചാത്തലമുള്ള വള്ളുവനാട് ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ഭാഗമായ വള്ളുവനാട് താലൂക്കായി പരിണമിച്ചു. ഐക്യകേരളം രൂപം കൊണ്ടപ്പോള്‍ മലബാര്‍ 3 ജില്ലകളായി വിഭജിക്കപ്പെട്ടു. ഇതില്‍ പാലക്കാട് ജില്ലയുടെ ഭാഗമായി തീര്‍ന്ന വള്ളുവനാട് താലൂക്ക് വിഭജിച്ച് പെരിന്തല്‍മണ്ണ താലൂക്ക് രൂപം കൊണ്ടു. മലപ്പുറം ജില്ല രൂപീകരണത്തില്‍ വീണ്ടും ചെറുതായ പെരിന്തല്‍മണ്ണ താലൂക്കിന്‍റെ വടക്ക്ഭാഗത്തായി കീഴാറ്റൂര്‍ സ്ഥിതി ചെയ്യുന്നു. വള്ളുവനാട് എന്ന സ്ഥലനാമത്തിന് പുതിയ വ്യാഖ്യായാനം നല്‍കിയപ്പോള്‍ ഈ ദേശം വള്ളുവനാടിന് പുറത്തായി എന്നത് വേദനാജനകമാണ്.

മഹാകവി പൂന്താനത്തിന്‍റെ ജന്മംകൊണ്ട് കീഴാറ്റൂര്‍ മഹത്തായ ഒരു സാംസ്കാരിക പൈതൃകത്തിന് അവകാശിയാണ്. സംസ്കൃത ഭാഷാ സ്വാധീനത്തിന്‍റെ പ്രതാപകാലത്ത് വളര്‍ന്ന പൂന്താനം മലയാള ഭാഷയുടെ വ്യവഹാരിക വളര്‍ച്ചക്ക് സാഹിത്യ പശ്ചാത്തലം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. മാതൃ ഭആഷയെയും സാംസ്കാരിക പശ്ചാത്തലത്തെയും തിരസ്കരിച്ച് മലയാളികള്‍ മുന്നേറുമ്പോള്‍ പൂന്താനത്തിന്‍റെ കൃതികളുടെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു.

മഹാകവി പൂന്താനത്തിന്‍റെ വംശപരമ്പരയിലെ അവസാന കണ്ണിയായിരുന്ന രാമന്‍ നമ്പൂതിരി ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന് അദ്ദേഹം ജയിലില് അടക്കപ്പെട്ടു. സമുദായം അദ്ദേഹത്തിന് ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍ സമുദായത്തെയും ,സമൂഹത്തെയും തിരസ്കരിച്ച് ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്‍റേടം അദ്ദേഹം കാമിച്ചു. അദ്ദേഹത്തിന്‍റെ അനന്തരാവകാശികള്‍ ഇല്ലം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. . ഈ കാലഘട്ടത്തില്‍ ഇല്ലം കേന്ദ്രീകരിച്ച് ഒരു സാംസ്കാരിക മുന്നേറ്റം കൈക്കൊണ്ടു.  ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒത്തൊരുമിച്ച് ആഘോഷങ്ങള്‍ നടന്നു. പൂന്താനം സാഹിത്യോല്‍സവം ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം നടത്തിവരുന്നു.

നദീ തീരത്തെ വളക്കൂറുള്ള ഈ മണ്ണില്‍ കാര്‍ഷിക സംസ്കൃതിയാണ് രൂപം കൊണ്ടത്. നെല്‍കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്  കഴിഞ്ഞ് വന്ന കര്‍ഷക സമൂഹം 20ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിലാണ് തോട്ടവിളകളിലേക്ക് മാറി തുടങ്ങിയത്.  തെക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ കിടക്കുന്ന നെന്മിനി മലയില്‍ യംഗ് ഇന്ത്യാ ഗ്രൂപ്പിന്‍റെ ആഗമനവും തിരുവിതാംകൂര്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റവും  റബ്ബര്‍,മരച്ചീനി,കുരുമുളക് തുടങ്ങിയവ ഇവിടെവ്യാപകമായി കൃഷി ചെയ്യാന്‍ കാരണമായി. ഭൂരിഭാഗം വരുന്ന  ചെറുകിട കാര്‍ഷിക തൊഴിലാളികളും സൌഹാര്‍‌ദ്ദത്തോടെ വളര്‍ത്തിയെടുത്ത കാര്‍ഷിക അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്.ഈയിടെ പുത്തന്‍ സമ്പത്ത് വ്യവസ്ഥയുടെ സ്വാധീനത്താല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നിര്‍മ്മാണ മേഖലയിലേക്ക് മാറുന്നതായി കാണുന്നു.മുസ്ലീം,ഹിന്ദു,കൃസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട ജനസമൂഹം സൌഹൃദത്തോടെ ജീവിച്ച് വരുന്നു.ആരാധനാലയങ്ങളെ കേന്ദ്രീകരിച്ച് നേര്‍ച്ചകളും ഉത്സവങ്ങളും ആഘോഷമായി നടത്തപ്പെടുന്നു.. വടക്കന്‍ വള്ളുവനാട്ടിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ മുതുകുര്‍ശ്ശിക്കാവ് താലപ്പൊലി,ഒറവംപുറം നേര്‍ച്ച എന്നിവ പഴക്കം ചെന്ന ആഘോഷങ്ങളാണ്. കേരളത്തിലെ സുപ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊക്കെ നല്ല വേരോട്ടമുള്ള  ഈ പഞ്ചായത്തില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളും സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും സജീവമാണ്. വായനശാലകളെ കേന്ദ്രീകരിച്ച് കൊണ്ട്സജീവമായിരുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഇപ്പൊ അല്‍പ്പം തളര്‍ച്ചയിലാണ്. രാഷ്ട്രീയ സംഘടനകളോ ജാതി മത സ്പര്‍ദ്ധകളോ ഈ പ്രദേശത്തിന്‍റെ സമാധാന അന്തരീക്ഷത്തെ ഇന്നേവരെ കലുഷിതമാക്കിയിട്ടില്ല

2025-26 വാര്‍ഷിക പദ്ധതിയില്‍ വികസന ഫണ്ട് 55038000 രൂപയും,മെയിന്‍റനന്‍സ് ഗ്രാന്‍റ് 41770000 രൂപയും പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്ന് 24663687 രൂപയും മറ്റ് തദ്ദേശ സ്ഥാപന വിഹിതം ഉള്‍പ്പടെ 152852257 രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം അംഗീകാരം ലഭിച്ചത്.

2026-27 വാര്‍ഷിക പദ്ധതിയില്‍  വികസന ഫണ്ട് 52236000 രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍റായി നോണ്‍റോഡ് 8192000, റോഡ് 30887000 രൂപയുടെയും പദ്ധതികളാണ് അംഗീകാരത്തിനായി സമര്‍പ്പിക്കാനുദ്ദേശിക്കുന്നത് 

 

ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകൾ

              മലകളും കുന്നുകളും കുന്നിന്‍ ചെരിവുകളും വയലുകളും ഉൾപ്പെട്ടതാണ് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് . പന്തല്ലൂർമല പുറയൻമല എന്നിവയാണ് പ്രധാനമലകൾ . പറക്കോടന്‍ കുന്ന് ,ബർളിക്കുന്ന് ചോലക്കുന്ന് പൂക്കോട്ടിൽക്കുന്ന് ,നെച്ചിക്കുന്ന് കൊട്ടിയാൽക്കുന്ന് തുടങ്ങിയ പ്രദേശങ്ങളും ഉണ്ട് . പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു . പന്തലൂർ മലയുടെ ഭാഗമായ നെന്മിനി മലയിൽ മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റ് എന്ന വൻകിട തോട്ടമുണ്ട് . അടുത്തകാലത്തായി ഒട്ടുമിക്ക കുന്നിൻചെരിവുകളും താഴ്വരകളും റബ്ബർ കൃഷിയിലേക്ക് വഴിമാറി . നെൽകൃഷി നാമമാത്രമായി കൃഷി ചെയ്തുവരുന്നു . പഞ്ചായത്തിന്റെ വടക്ക് വെള്ളിയാർ പുഴയും തെക്ക് അങ്ങാടിപ്പുറം വെട്ടത്തൂർ പഞ്ചായത്തുകളും കിഴക്ക് മേലാറ്റൂർ വെട്ടത്തൂർ പഞ്ചായത്തുകളും ആനക്കയം മങ്കട പഞ്ചായത്തുകളും അതിരുകളായി സ്ഥിതി ചെയ്യുന്നു .

          ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് കീഴാറ്റൂർ പഞ്ചായത്ത് മലകളും കുന്നുകളും കുന്നിൻചെരിവുകളും താഴ്വരകളും ഉൾകൊള്ളുന്ന ഈ പ്രദേശം ആറുകളുമായി ബന്ധപ്പെട്ടതാണ് . ഈ പ്രദേശത്തുള്ള വിവിധ പാഞ്ചായത്തുകളുടെ സ്ഥലനാമങ്ങൾ ആറിന്റെ മേൽഭാഗത്തുള്ള (വെള്ളിയാർ ) സ്ഥലം മേലാറ്റൂരും കീഴ്ഭാഗത്തുള്ള കീഴാറ്റൂരും ഇടയിലുള്ളത് എടയാറ്റൂരുമാണ് .

        പഞ്ചായത്തിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിക്കാറുണ്ട് . നെന്മിനി വില്ലേജിൽ താരതമ്യേനെ കുറവാണ് .പന്തല്ലൂർ മലയുടെ കിടപ്പ് ഇതിന് കാരണമാണ് . റബ്ബർ മരങ്ങൾ നീരുറവകളുടെ ശക്തിയെ പ്രതികൂലമായി ബാധിക്കുന്നു . പഞ്ചായത്തിൽ പ്രധാനമായും 25 തോടുകളും 325 കുളങ്ങളും സ്ഥിതിചെയ്യുന്നതിനാൽ കൃഷി ആവശ്യത്തിനും മറ്റും ഇത് ഉപകാരപ്രദമാണ് . വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പറമ്പൂർ കുളം പൂന്താനം കുളം പറപ്പൂർ കുളം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നന്നാക്കിയെടുത്തതിനാൽ ജനങ്ങൾക്കും അതുപോലെ കൃഷിക്കും ഉപയോഗിക്കാം . നെന്മിനിയിലെ അയ്യപ്പൻചോല ഒരുകാലത്തും വറ്റാത്ത നീരുറവയാണ് . പരിസരവാസികൾ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.പഴയ കുളങ്ങളുടെ നവീകരണത്തിലൂടെയും പുതിയ കുളങ്ങളുടെ നിർമാണത്തിലൂടെയും കൃഷിക്ക് ജലസേചനമൊരുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് . കാർഷിക മേഖലയിൽ പ്രധാനമായിട്ടുള്ളത് നെല്ല് തെങ്ങ് റബ്ബർ കമുക് വാഴ എന്നിവയാണ് . കുടിയേറ്റം കാർഷിക മേഖലയിലും സാംസ്‌കാരിക മേഖലയിലും മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് .

         ഗ്രാമപഞ്ചായത്തിൽ നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ അംഗീകരിച്ചിട്ടുണ്ട് . ആകെ 9 നീർത്തടങ്ങളാണ് പഞ്ചായത്തിൽ ഉള്ളത് . തച്ചിങ്ങനാടം ഒറവംപുരം ചെമ്മന്തട്ട കീഴാറ്റൂർ പൂന്താവനം പറമ്പൂർ പട്ടിക്കാട് മുള്ള്യാകുർശ്ശി നെന്മിനി തുടങ്ങിയവയാണ് ഇത് . മൊത്തം വിസ്തീർണം 4000 ഹെക്ടർ ആണ് .

          വ്യത്യസ്‌ത മതവിശ്വാസികൾ ഇടകലർന്ന് ജീവിക്കുന്ന ഇവിടെ അവരവരുടെ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുകയും ഏതൊരു മതവിശ്വാസിയുടെയും സുഖത്തിലും ദുഃഖത്തിലും ഇതരവിശ്വാസിയുടെ സാനിധ്യം പ്രശംസനീയമാണ് . പരസ്പര കൂട്ടായ്മയും സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന മാതൃകാപരമായി ജീവിക്കുന്ന ഒരു ജന സഞ്ചയത്തെ നമുക്കിവിടെകാണാം.

          റബ്ബർ അധിഷ്ഠിതമായ വ്യവസായ സ്ഥാപനങ്ങൾ കീഴാറ്റൂർ പഞ്ചായത്തിൽ കുറവാണ് . വൈദ്യുതിയുടെ ലഭ്യത കുറവും ഗതാഗതസൗകര്യങ്ങളുടെ അഭാവവും റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുന്നതിന് വിഘാതമായി നിൽക്കുന്നു . ബാങ്കുകളുടെ സംഭാവന വ്യവസായ രംഗത്ത് കുറവാണ് .ഖാദി മേഖല ഇവിടെ നിർജീവമാണ് .വനിതാ വ്യവസായ യൂണിറ്റുകൾ കുറവാണ് . സ്വകാര്യമേഖലയിൽ 3 മരമില്ലുകളുടെ 4 എഞ്ചിനീയറിങ് യൂണിറ്റുകളും 2 ഇഷ്ടിക കമ്പനികളും ചെറുകിട വ്യവസായങ്ങളായി ഉണ്ട് .

നിരവധി പ്രശ്നങ്ങൾ വ്യവസായ മേഖലയിൽ ഇന്നും കീഴാറ്റൂർ പഞ്ചായത്തിൽ നിലവിലുണ്ട് .കാർഷികോല്പ്പന്നങ്ങളായ നാളികേരം റബ്ബർ അടക്ക കശുവണ്ടി എന്നിവ വ്യവസായിക രംഗത്ത് പ്രയോജനപ്പെടുന്നില്ല ചകിരി ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തി കയറുൽപ്പന്നങ്ങളാക്കാനുള്ള സാങ്കേതിക വിദ്യ ഇല്ല . സഹകരണ ബാങ്കുകൾ പഞ്ചായത്ത് പരിധിയിൽ ഉണ്ടെങ്കിലും വ്യവസായിക രംഗത്ത് അവയുടെ സംഭാവന കുറവാണ് . മറ്റൊരു പ്രധാന സാങ്കേതിക പരിജ്ഞാനമുള്ളവരെ വ്യവസായിക രംഗത്തേക്ക് അടുപ്പിക്കാനുള്ള ഏജൻസി സംവിധാനമില്ലാത്ത പൊതുമേഖലാ ബാങ്കുകളുടെ കർക്കശമായ നിയമങ്ങൾ പലപ്പോഴും വ്യവസായിക വായ്പകൾക്ക് വിലങ്ങുതടിയാകുന്നു . ഗൾഫിൽ ജോലി ചെയ്താൽ ലഭിക്കുന്ന വേതനവും വ്യവസായിക രംഗത്ത് നിന്ന് ലഭിക്കുന്ന വരുമാനവും തമ്മിൽ വലിയ അന്തരം നിൽക്കുന്നതിനാൽ വ്യവസായിക മേഖലയിലേക്ക് വരുവാൻ പലരും മടിക്കുന്നു .

ഇവിടുത്തെ തോട്ടം മേഖലയിലെ കുറഞ്ഞ വേതനനിരക്കും ഖാദി മേഖലയുടെ നിർജ്ജീവാവസ്ഥയും മറ്റൊരു വലിയ പ്രശ്നമാണ് . മരമില്ലുകളിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഫർണീച്ചറുകൾ ആക്കിമാറ്റുന്ന നവീന വിദ്യ നടപ്പിലാക്കേണ്ടതുണ്ട് .

വ്യവസായിക പ്രാധാന്യം ഉൾകൊള്ളുന്ന സംരംഭങ്ങളും പഞ്ചായത്തിൽ നടപ്പിലാക്കാവുന്നതാണ് . സഹകരണ സ്‌പിന്നിംഗ് മിൽ . റബ്ബർ ഹവായി ചെരുപ്പുകൾ നിർമിക്കുന്നതിന് സോൾ ഉണ്ടാക്കുന്ന ഫാക്ടറി കശുവണ്ടി ഫാക്ടറി പരിപ്പ് സംഭരണ കേന്ദ്രവും കുട നിർമ്മാണകമ്പനി ബാംബൂ കോർപ്പറേഷൻ സഹായത്തോടെ പനമ്പി കൊട്ട നിർമ്മാണ ഫാക്ടറി ഗ്ലാസ് ഫാക്ടറി തുടങ്ങിയവ ആരംഭിക്കാവുന്നതാണ് . ടൂറിസം വ്യവസായം മിനി വ്യവസായഎസ്റ്റേറ്റ് എന്നിവക്കും ഇവിടെ സാധ്യതകളുണ്ട് .

ഫലപ്രദമായ ഒരു വ്യാവസായിക നയം ദീർഘ വീക്ഷണത്തോടുകൂടി നടപ്പിലാക്കുകയാണെങ്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ വളരെ വലിയ ഒരു വ്യവസായിക മുന്നേറ്റം നടത്താൻ കഴിയും.